Wednesday, September 15, 2010

ബാബ്‌റി മസ്‌ജിദ്‌ തകര്‍ച്ച: രാജീവ്‌ ഗാന്ധിക്കും ഉത്തരവാദിത്തമെന്നു ഫ്രഞ്ച്‌ എഴുത്തുകാരന്‍

ബാബ്‌റി മസ്‌ജിദ്‌ തകര്‍ച്ച: രാജീവ്‌ ഗാന്ധിക്കും ഉത്തരവാദിത്തമെന്നു ഫ്രഞ്ച്‌ എഴുത്തുകാരന്‍

Text Size:   


ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ പരോക്ഷ ഉത്തരവാദിത്തം മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കാണെന്നു ഫ്രഞ്ച്‌ സാഹിത്യകാരന്‍ ഡോ. ക്രിസ്‌റ്റോഫ്‌ ജാഫര്‍ലോട്ട്‌. 

ഒരു മതവിഭാഗത്തെ മറ്റൊന്നിനെതിരേ ഉപയോഗിക്കാനുള്ള രാജീവിന്റെ ശ്രമങ്ങളാണു മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു പിന്നിലെന്ന്‌ എഴുത്തുകാരനും അധ്യാപകനുമായ ജാഫര്‍ലോട്ട്‌ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ 'ഇന്ത്യയിലെ ജാതി - മത രാഷ്‌ട്രീയം' എന്ന തന്റെ പുതിയ പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാ ബാനു കേസിലെ നടപടിയും മുതല്‍ വി.എച്ച്‌.പിയുടെ അഭ്യര്‍ഥനപ്രകാരം അയോധ്യയിലെ തര്‍ക്കമന്ദിരം ആരാധനയ്‌ക്കായി തുറന്നുകൊടുത്തതും 'രാമന്റെ സ്‌ഥലം' എന്ന വിശേഷണവുമായി ഫൈസാബാദില്‍നിന്നു തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതുമെല്ലാം രണ്ടു മതങ്ങളുടെയും വികാരം ഉപയോഗപ്പെടുത്താനുള്ള രാജീവിന്റെ ശ്രമങ്ങളായാണു ജാഫര്‍ലോട്ട്‌ വിലയിരുത്തുന്നത്‌. 

അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ കോടതി വിധി പ്രഖ്യാപിക്കുന്ന ഈ മാസം 24, ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായകദിനമാകുമെന്നും ജാഫര്‍ലോട്ട്‌ പറയുന്നു. മുസ്ലിംകളെ മുഖ്യധാരയിലേക്കു തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ നേതാക്കള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണിത്‌. അനുരഞ്‌ജനത്തിനുള്ള ആദ്യശ്രമങ്ങള്‍ ഹിന്ദു പക്ഷത്തുന്നിന്നാണ്‌ ഉണ്ടാകേണ്ടത്‌. വിജയഭാവത്തിലുള്ള പ്രതികരണങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും പാരിസില്‍ 'ദക്ഷിണേഷ്യന്‍ രാഷ്‌ട്രീയവും ചരിത്രവും' എന്ന വിഷയം പഠിപ്പിക്കുന്ന ജാഫര്‍ലോട്ട്‌ പറഞ്ഞു. 

ന്യൂനപക്ഷവിരുദ്ധ പ്രചാരണം പുനരാരംഭിക്കുന്നതിനുമുമ്പ്‌ 2009 ലെ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗത്തില്‍നിന്നേറ്റ തിരിച്ചടി കാവിപ്പട ഓര്‍മിക്കുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യക്കേസിലെ വിധി മുസ്ലിംകള്‍ക്കെതിരേയാകുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ഇരുതലമൂര്‍ച്ചയുള്ള വാളിനു സമാനമായിരിക്കും. വീണ്ടും വീണ്ടും പരാജയപ്പെടുകയാണെന്ന മനോഭാവമാകും അവരില്‍ ഉണ്ടാകുക.

മുസ്ലിംകളും ഇന്ത്യയുടെ ഭാഗമാണെന്ന്‌ അംഗീകരിക്കേണ്ട സമയമാണ്‌ ഇത്‌. ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതാണു തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവെന്നു ഭൂരിഭാഗം ഇന്ത്യന്‍ മുസ്ലിംകളും കരുതുന്നു. താനും ഗവേഷണ വിദ്യാര്‍ഥികളും പന്ത്രണ്ട്‌ ഇന്ത്യന്‍ നഗരങ്ങളിലെ മുസ്ലിംകള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഇതാണു സൂചിപ്പിക്കുന്നതെന്നും ക്രിസ്‌റ്റോഫ്‌ ചൂണ്ടിക്കാട്ടി. 

കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്നതില്‍ ജാഫര്‍ലോട്ടിനു യാതൊരു സംശയവുമില്ല. 'ഗാന്ധി' ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ ഐക്യം നഷ്‌ടമാകും. രാഹുലിനെ കോണ്‍ഗ്രസുകാര്‍ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുമെന്ന്‌ ഉറപ്പാണ്‌. തീവ്ര അജന്‍ഡയുള്ള ഒരാള്‍ക്കും സഖ്യകക്ഷികളെ ഒപ്പംനിര്‍ത്താന്‍ കഴിയില്ല. നരേന്ദ്രമോഡി ശക്‌തനായ നേതാവായിരിക്കാം; പക്ഷേ അദ്ദേഹം തലപ്പത്തെത്തിയാല്‍ ബി.ജെ.പി. ഒറ്റപ്പെടും. ബി.ജെ.പി. അധ്യക്ഷനെ ആര്‍.എസ്‌.എസ്‌. നിശ്‌ചയിക്കുന്നിടത്തോളം മോഡിക്കു മുന്നണിയുടെ തലപ്പത്തെത്താന്‍ സാധ്യതകളില്ല- ജാഫര്‍ലോട്ട്‌ പറഞ്ഞു.
  
http://mangalam.com/index.php?page=detail&nid=341178&lang=malayalam

1 comment:

  1. ബാബ്‌റി മസ്‌ജിദ്‌ തകര്‍ച്ച: രാജീവ്‌ ഗാന്ധിക്കും ഉത്തരവാദിത്തമെന്നു ഫ്രഞ്ച്‌ എഴുത്തുകാരന്‍

    ReplyDelete